മഴയോട് മഴ..! കാലവര്‍ഷം വീണ്ടും ശക്തമായി, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

രേണുക വേണു| Last Modified തിങ്കള്‍, 3 ജൂലൈ 2023 (06:54 IST)

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. ഞായറാഴ്ച രാത്രി മുതല്‍ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ മഴ ലഭിക്കുക. ശക്തമായ മഴയുടെ സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളില്‍ സാധ്യത.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :