ഫേസ്‌ബുക്കിലൂടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കുടുങ്ങി; മുഴുവന്‍ നഷ്‌ടവും ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി

  dean kuriakose , harthal , youth congress , യൂത്ത് കോൺഗ്രസ് , ഹൈക്കോടതി , ഡീൻ കുര്യാക്കോസ്
കൊച്ചി| Last Modified വെള്ളി, 22 ഫെബ്രുവരി 2019 (12:10 IST)
കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രഖ്യാപിച്ച മിന്നൽ ഹർത്താലിന്റെ നാശനഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിചേര്‍ക്കണം. ഹര്‍ത്താലില്‍ കാസര്‍കോട്ടുണ്ടായ നഷ്ടം യുഡിഎഫ് നേതാക്കളായ കമറുദ്ദീന്‍,ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഡീനിനും മറ്റു രണ്ടു പേര്‍ക്കും രേഖാമൂലം വിശദീകരണം നല്‍കാന്‍ അടുത്ത മാസം അഞ്ചു വരെ കോടതി സമയം അനുവദിച്ചു. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍ ഡീനിനെതിരെ സ്വമേധയാ കേസെടുത്ത സംഭവം പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റി.


ഹര്‍ത്താലിന് മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്ന് കോടതിയുടെ ഇടക്കാല ഉത്തരവ് ഡീനിന് അറിയില്ലായിരുന്നുവെന്ന് അഭിഭാഷകന് വാദിച്ചു. ഇതോടെ ഡീന്‍ നിയമം പഠിച്ചയാളല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. പഠിച്ചതാണ്, പക്ഷെ പ്രാക്ടീസ് ചെയ്യുന്നില്ലെന്നാണ് അഭിഭാഷകന്‍ ഡീനിന് വേണ്ടി മറുപടി നല്‍കിയത്.

ഹർത്താലിൽ വ്യാപക അക്രമം ഉണ്ടായെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെഎസ്ആർടിസിക്ക് മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും സർക്കാർ അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഡീന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹർത്താൽ ആഹ്വാനം ചെയ്തതിന്റെ ഉത്തരവാദിത്തം ഇതുവരെ ഡീൻ അടക്കമുള്ള നേതാക്കൾ നിഷേധിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :