Last Modified ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (11:38 IST)
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. അക്കൂട്ടത്തിൽ വ്യത്യസ്തമായിരിക്കുകയാണ് മുംബൈ മലയാളികൾ. മുംബൈയിലെ ഏറ്റവും തിരക്കേറിയ സി എസ് ടി റെയില്‍വേ സ്റ്റേഷനിലും, നവി മുംബൈയിലെ പന്‍വേല്‍ റെയില്‍വേ സ്‌റേഷനിലും ഭീമൻ പൂക്കളമൊരുക്കിയാണ് മലയാളികൾ ഓണത്തെ വരവേറ്റിരിക്കുന്നത്.
ലക്ഷക്കണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന സി എസ് ടി യിലും പന്‍വേലിലും ഇതര ഭാഷക്കാരടക്കം നിരവധി പേരാണ് കൂറ്റന്‍ പൂക്കളത്തിന്റെ വിസ്മയക്കാഴ്ച്ച മനസിലും സ്മാര്‍ട്ട് ഫോണിലുമായി ഒപ്പിയെടുക്കുന്നത്.
ഓള്‍ മഹാരാഷ്ട്ര മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകളും സംഘടനകളും ചേര്‍ന്നാണ് സി എസ് ടി റെയില്‍വേ സ്റ്റേഷനെ പൂക്കളം കൊണ്ട് അലങ്കരിച്ചത്. രാത്രി മുഴുവന്‍ പൂവുകള്‍ ഒരുക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സ്റ്റേഷന്‍ മാസ്റ്ററും റെയില്‍വേ സ്റ്റാഫും യാത്രക്കാരുമെല്ലാം മാവേലി വരവേല്‍പ്പിനെയും ആര്‍പ്പ് വിളികളെയും ആവേശത്തോടെയാണ് എതിരേറ്റത്. നഗരത്തിലെ ഭീമന്‍ പൂക്കളത്തോടൊപ്പമുള്ള സെല്‍ഫികള്‍ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്.
ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കുമെല്ലാം നിറയുമ്പോഴും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പുതു സന്ദേശമാണ് നൂതന മാധ്യമങ്ങളിലൂടെയും പ്രവഹിക്കുന്നത്.