എ കെ ജെ അയ്യർ|
Last Modified ഞായര്‍, 9 ജൂണ്‍ 2024 (16:41 IST)
വയനാട്: സ്വർണ്ണക്കടത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ മാരകായുധങ്ങൾ ഉപയോഗിച്ച് ചേരിതിരിഞ്ഞ ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. സ്വർണ്ണക്കട ത്തുമായി ബന്ധപ്പെട്ടായിരുന്നു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം പൊതുതന പെരുങ്കോടയിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ.
വൈത്തിരി പൊഴുതന സ്വദേശികളായ റാഷിദ് (31), മുഹമ്മദ് ഷമീർ (34), കാരിയാട്ട് പൂഴിൽ ഇബ്രാഹിം (34), തനിയാട്ടിൽ നിശാം (31), പട്ടർ മഠം മുബഷീർ (31), ഒളിയമറ്റത്തിൽ സൈജു (31) എന്നിവരാണ് പോലീസ് പിടിയിലായത്. മലപ്പുറം സ്വദേശി ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ വച്ച് സ്വർണ്ണം തട്ടിയെടുത്തു എന്നും ഇതുമായി ബന്ധപ്പെട്ടാണ് ആയുധങ്ങൾ കൈവശം വച്ച് തെരുവിൽ ഏറ്റുമുട്ടിയത് എന്നാണു പോലീസ് പറയുന്നത്.
ഏറ്റുമുട്ടലിൽ പരുക്കേറ്റ അരീക്കോട് മൂർക്കനാട് സ്വദേശി ഹാരിസിന്റെ (29) പരാതിയിലാണ് പോലീസ് റാഷിദിനെയും സംഘത്തെയും പിടികൂടിയത്. എന്നാൽ ഇതിനൊപ്പം റഷീദ് നൽകിയ പരാതിയെ തുടർന്ന് മലപ്പുറം സ്വദേശി ശിഹാബിനെയും സംഘത്തെയും പിടികൂടാനുള്ള തയ്യാറെടുപ്പിലാണ്. വൈത്തിരി പോലീസ് എസ്.എച്ച്.ഒ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തു.