Last Modified ചൊവ്വ, 2 ജൂലൈ 2019 (08:23 IST)
കേരളത്തില്‍ കാണാതായ ജർമൻ യുവതി ലിസ വെയ്സിനായി (31) രാജ്യവ്യാപക അന്വേഷണം. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പുറമെ വിവരങ്ങൾ മറ്റു സംസ്ഥാന പൊലീസ് സേനകൾക്കും വിവരങ്ങൾ നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വലിയതുറ പൊലീസിനാണ് അന്വേഷണ ചുമതല. വിമാനത്താവളങ്ങളിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കും.
മാർച്ച് 7നു തിരുവനന്തപുരത്തു വിമാനമിറങ്ങിയ ലിസയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്നാണ് പോലീസിന് ലഭിച്ച പരാതി. ഇവരുടെ മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകുകയായിരുന്നു. ഇത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതോടെയാണ് പരാതിയിൽ നടപടി ആരംഭിച്ചത്. മാർച്ച് അഞ്ചിന് ജർമനി വിട്ട ലിസ മൂന്നരമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നു കാണിച്ചാണ് അമ്മ പരാതി നൽകിയത്. കേരളത്തിൽ എത്തിയ ശേഷം ഫോൺ വിളിയോ, വിവരങ്ങളോ ഇല്ലെന്നു പരാതിയിൽ പറയുന്നു. ജർമനിയിൽ നിന്നും ദുബായ് വഴിയാണ് ഇവർ തിരുവനനന്തപുരത്ത് വിമാനമിറങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി ലിസ മടങ്ങിപ്പോയിട്ടില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടില്ല. എന്നാൽ ലിസക്ക്
ഒപ്പമെത്തിയ യുകെ പൗരൻ മാർച്ച് 15നു തിരികെ പോയതായും കണ്ടെത്തി. കൊച്ചിയിൽ നിന്നാണ് മുഹമ്മദ് അലി മടങ്ങിയത്. അതേസമയം, കേരളത്തിലെത്തിയ ശേഷം കാണാതായ ജര്‍മൻ വനിത സന്ദര്‍ശിക്കാൻ പദ്ധതിയിട്ടത് കൊല്ലത്തെ അമൃതാനന്ദമയിയുടെ ആശ്രമവും. ലിസയുടെയും ഒപ്പമുണ്ടായിരുന്ന യുകെ പൗരത്വമുള്ള സുഹൃത്ത് മുഹമ്മദ് അലിയുടെയും യാത്രാ രേഖകളിലാണ് അമൃതപുരിയും പരാമര്‍ശിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു വിദേശവനിത ആശ്രമത്തിലെത്തിയിട്ടില്ലെന്നാണ് അമൃതപുരി അധികൃതര്‍ പറയുന്നത്.
ലിസയെ കണ്ടെത്തുന്നതിന് അന്വേഷണസംഘത്തെ ചെറുസംഘങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു സംഘത്തെ അമൃതപുരിയിലെ ആശ്രമത്തിലേയ്ക്കും മറ്റൊരു സംഘത്തെ കൈമനത്തെ ആശ്രമത്തിലേയ്ക്കും അയച്ചിട്ടുണ്ട്. കോവളവും വര്‍ക്കലയും ഉള്‍പ്പെടെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അന്വേഷണം നടത്തുന്നതിനാണ് മറ്റു സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. വലിയതുറ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ എസ് സജദിന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുന്നത്. അന്വേഷണത്തിന്‍റെ പുരോഗതി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് വിലയിരുത്തുന്നുണ്ട്.