സ്വകാര്യ ബസ് സമരത്തെ പൊളിക്കാന്‍ 'കെ.എസ്.ആര്‍.ടി.സി'; താക്കീതുമായി മന്ത്രി
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം
Ganesh Kumar
രേണുക വേണു|
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2025 (13:43 IST)
കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കി സ്വകാര്യ ബസ് സമരത്തെ നേരിടുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. ബസുടമകളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടിവന്നാല്‍ ഓണക്കാലത്ത് പണിമുടക്കുമെന്ന ബസുടമകളുടെ ഭീഷണിയോട് ശക്തമായി പ്രതികരിക്കുകയായിരുന്നു മന്ത്രി.
500 ലോക്കല്‍ ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികമായിട്ടുണ്ടെന്നും, സ്വകാര്യ ബസ്സുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവ ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് റോഡിലിറക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അത്തരത്തില്‍ വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.