ഇന്ധനവില വർധന: പരസ്‌പരം പഴിചാരി സർക്കാരും പ്രതിപക്ഷവും, മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് ഷാഫി പറമ്പിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (12:12 IST)
വർധനയ്ക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗ‌ങ്ങൾ സഭയിൽ നിന്ന് ഇറങ്ങി പോയി. ഷാഫി പറമ്പിലിന്റെ നോട്ടീസിന് മറുപടി നൽകിയ ധനമന്ത്രി കെഎൻ ബാലഗോപാൽ വിലക്കയറ്റത്തിൽ യുപിഎ സർക്കാരിനെ പഴി ചാരിയതോടെ കനത്ത വാദപ്രതിവാദമാണ് സഭയിൽ നടന്നത്.

ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബാലഗോപാൽ പ്രതികരിച്ചത്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ 130 കടന്നു. ഇന്ധന വില നിർണ്ണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്തത് കോൺഗ്രസാണെന്നും അത് തുടരുകയാണ് എൻഡിഎ ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.കേരളത്തിൽ അഞ്ച് വർഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം നരേന്ദ്ര മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി ഭരിച്ചപ്പോൾ 600 കോടിയുടെ അധിക നികുതി വേണ്ടെന്നുവെച്ചു.ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏൽപ്പിച്ചത് രാജസ്ഥാനിൽ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല.നികുതി ഭീകരതയാണ് നടക്കുന്നത്. നികുതി തിരുമാനിക്കുന്നത് കമ്പനികളല്ല, സർക്കാരാണ്. വില നിർണ്ണയാധികാരം കൈമാറിയെന്നത് കോൺഗ്രസിനെതിരായ വ്യാജ പ്രചരണമാണ്. യുപിഎ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി ഈടാക്കുന്നത് 32.98 രൂപയാണ്. സംസ്ഥാനം നികുതി കുറക്കണം. നികുതി കൊള്ള അനുവദിക്കാനാവില്ല. ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് തവണ നികുതി കുറച്ചപ്പോൾ 620 കോടി നഷ്ടമായി. പക്ഷെ 13 തവണ നികുതി വർധിപ്പിച്ച് അന്നത്തെ സർക്കാർ നാലിരട്ടി നേട്ടമുണ്ടാക്കിയെന്ന് ധനമന്ത്രി തിരിച്ചടിച്ചു. അഞ്ച് വർഷമായി സംസ്ഥാനത്ത് ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :