മൂവാറ്റുപുഴ|
Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (18:25 IST)
തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഡല്‍ഹി സ്വദേശി പൊലീസ് വലയിലായി. വിദേശ രാജ്യങ്ങളിലേക്ക് ഇന്‍റര്‍നെറ്റ് വഴി നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ വി.ആര്‍.ജെയിന്‍ എന്ന വെദൈവ് രജനികാന്ത് ജോഷി എന്ന 46 കാരനാണു പൊലീസ് പിടിയിലായത്.
മൂവാറ്റുപുഴയിലെ ഡെയ്സമ്മ ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പഞ്ചാബിലെ ചണ്ഡിഗഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും തട്ടിപ്പിനു കൂട്ടുനിന്നതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. യൂണിയന്‍ ഗ്ലോബല്‍ സ്കില്‍ സൊല്യൂഷന്‍സ് എന്ന പേരില്‍ കഴിഞ്ഞ 22 വര്‍ഷങ്ങളായി ഇയാള്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് അറിയിച്ചു.
വിവിധ സ്ഥലങ്ങളില്‍ സ്ഥാപനം ആരംഭിച്ച് സ്ഥലവാസികളെ തന്നെ സ്റ്റാഫായി നിയമിക്കുകയും പണം സമാഹരിച്ച ശേഷം സ്ഥാപനം പൂട്ടി സ്ഥലം വിടുകയുമായിരുന്നു ഇയാളുടെ രീതി. ഇയാള്‍ക്കെതിരെ 41 പേര്‍ പരാതി നല്‍കിയിട്ടുണ്ട്.