Rijisha M.|
Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (11:14 IST)
ഫ്രാങ്കോ മുളയ്‌ക്കലിന്റെ പേരിലുള്ള കേസ് കൈകാര്യം ചെയ്യുന്നതിനായി സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ചേക്കും. ഈ ആവശ്യം ഉന്നയിച്ച് 'സേവ് അവർ സിസ്‌റ്റേഴ്സ്' (എസ് ഒ എസ്) തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. അവരുടെ ആവശ്യത്തിന് അനുകൂലമായ മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചിരിക്കുന്നതും.
സ്‌പെഷ്യൽ പ്രോസിക്യൂട്ടറും പ്രത്യേക കോടതിയും വെണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാൽ പ്രത്യേക കോടതിയുടെ കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദ്ദേശമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. വിചാരണ അനിശ്ചിതമായി നീളുന്നത് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിന് കാരണമാകുമെന്നും പരാതിക്കാരുടെ ജീവന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ മുഖ്യമന്ത്രിയെ സമീപിച്ചത്.
ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ മൊഴി നൽകിയ വൈദികൻ കഴിഞ്ഞ ദിവസം മരിച്ചതും ഇവർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പദവി റെസിഡന്റ് പ്രീസ്‌റ്റ് മാത്രമാക്കി ചുരുക്കുകയായിരുന്നെന്നും പറയുന്നു.