ദേവസ്വം ബോർഡിൽ ജോലി തട്ടിപ്പ് : നാല് പേർക്കെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (10:28 IST)
വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ നാല് പേരെക്കെതിരെ പോലീസ് കേസെടുത്തു. വൈക്കം നഗരസഭാ സി.പി.എം കൗൺസിലർ കെ.പി.സതീശൻ ഉൾപ്പെടെയുള്ള നാലുപേർക്കെതിരെയാണ് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വൈക്കം കാരയിൽ മാനശ്ശേരിയിൽ റിട്ടയേഡ് എസ്‌.ഐ എം.കെ.സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കെ.പി.സതീശൻ, ഭാര്യ രേണുക, വെച്ചൂർ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവർ ചേർന്ന് ജോലി വാഗ്ദാനം നൽകി നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത് എന്നാണു പരാതി.

സുരേന്ദ്രന്റെ മകനുവേണ്ടി ദേവസ്വം ബോർഡിൽ ഗാർഡിന്റെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞു ആറ്‌ ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിനായി തുടക്കത്തിൽ 2019 ഡിസംബറിൽ അമ്പതിനായിരം രൂപ സതീശന്റെ വീട്ടിൽ വച്ച് നൽകി എന്നുമാണ് പരാതിയിൽ പറയുന്നത്. പിന്നീട് 2020 ജനുവരിയിൽ അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തി വെച്ചൂർ സ്വദേശി ബിനീഷിനു വേണ്ടി എന്ന് പറഞ്ഞു സതീഷ് ഒന്നര ലക്ഷം രൂപാ കൂടി വാങ്ങി.

പിന്നീട് ഫെബ്രുവരിയിൽ ബോർഡ് പ്രസിഡന്റ് വാസുവിന് എന്ന് പറഞ്ഞു ഒരു ലക്ഷം കൂടി വാങ്ങി. പിന്നീട് സുരേന്ദ്രൻ പണം നൽകി എന്നാണു പരാതിയിൽ പറയുന്നത്. ജോലി ലഭിക്കാതെ വന്നപ്പോൾ പല തവണ സമീപിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോഴാണ് താൻ പരാതി നൽകിയത് എന്നാണു സുരേന്ദ്രൻ പറയുന്നത്. എന്നാൽ താൻ പണം വാങ്ങിയിട്ടില്ല എന്നും സി.പി.എം വെച്ചൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബിനീഷിനെ പരിചയപ്പെടുത്തുക മാത്രമാണ് താൻ ചെയ്തത് എന്നാണു സതീശൻ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :