സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: മുൻ സൈനികൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 18 മെയ് 2022 (16:48 IST)
പത്തനാപുരം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു വിവിധ സ്ഥലങ്ങളിൽ നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ മുൻ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാളം ചരുവിലയിൽ ദീപക് പി.ചന്ദ് എന്ന 29 കാരനാണ് പത്തനാപുരം പോലീസിന്റെ വലയിലായത്.

ഇന്റലിജൻസ് ബ്യുറോ, എൻ.ഐ.എ എന്നിവയുടെ നിരീക്ഷണത്തിലായിരുന്ന ഇയാളെ കൊച്ചിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ആർമിയിൽ ജോലി ഉണ്ടായിരുന്ന സമയത്ത് ഇയാൾക്കെതിരെ പട്ടാളം ചുമത്തിയ കുറ്റത്തിന് മുമ്പ് ഇയാൾ ഒന്നര കൊല്ലത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാൽ ശിക്ഷ കഴിഞ്ഞു പുറത്തിരയാക്കിയ ഇയാൾ ജോലിയിൽ പ്രവേശിച്ചില്ല. തുടർന്ന് ഇയാളെ പട്ടാളത്തിൽ നിന്ന് ഒളിച്ചോടിയ ആൾ എന്ന് പ്രഖ്യാപിച്ചതാണ്.

പട്ടാഴി വടക്കേക്കര സ്വദേശി പ്രവീണിന്റെ കൈയിൽ നിന്ന് ഇയാൾ നാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിനൊപ്പം സമാനമായ രീതിയിൽ ഇയാൾക്കെതിരെ വയനാട് പുൽപ്പള്ളി, കണ്ണൂരിലെ പുതുക്കാട്, ആറന്മുള, ശൂരനാട് എന്നിവിടങ്ങളിലും പരാതിയുണ്ട്. ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്ന ബോർഡ് വച്ച ഇയാളുടേതായ ഒരു കാർ കൊല്ലം കല്ലുംതാഴത്തെ വർക്ക്‌ഷോപ്പിൽ ഉണ്ടെന്നും പോലീസ് കണ്ടെത്തി.

ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചാണ് ഇയാൾ വിലസിയത്. ഇതിനൊപ്പം ആഡംബര ഹോട്ടലുകളിൽ താമസവും അസാധാരണമായ ഭാഷാ പരിജ്ഞാനം കൊണ്ട് ആളെ വീഴ്‌ത്തുന്ന രീതി ഇതെല്ലാം ഇയാളുടെ തട്ടിപ്പിന് ആക്കം കൂട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :