ദുരിതം തീരുന്നില്ല; സംസ്ഥാനത്ത് ഇതുവരെ 357 മരണം, ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം - കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

ദുരിതം തീരുന്നില്ല; സംസ്ഥാനത്ത് ഇതുവരെ 357 മരണം, ക്യാമ്പുകളില്‍ ഭക്ഷണ ദൗര്‍ലഭ്യം - കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങള്‍

  flood , kerala , Rain , death , പ്രളയക്കെടുതി , സര്‍ക്കാര്‍ , എയർ ലിഫ്റ്റ് , മഴ , പ്രളയം
തിരുവനന്തപുരം| jibin| Last Modified ശനി, 18 ഓഗസ്റ്റ് 2018 (20:04 IST)
പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 357പേര്‍ മരിച്ചു. ഇന്ന് മാത്രം 24പേരുടെ ജീവന്‍ നഷ്‌ടമായെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഇരുപതിനായിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഉച്ചവരെയുള്ള കണക്കാണിത്.

ദുരിതാശ്വാസ ക്യാമ്പിലടക്കം വിവിധയിടങ്ങളില്‍ മരണം സംഭവിച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവും കിട്ടാതെ ക്യാമ്പുകളില്‍ ആയിരങ്ങളാണ് കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണപ്പൊതികളും മരുന്നുകളും വിതരണം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. ചെങ്ങന്നൂർ മേഖലയിലാണ് കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയുള്ളത്. എന്‍ഡിആര്‍എഫ് കേരളത്തില്‍ നടത്തുന്ന ഏറ്റവും വലിയ രക്ഷാ ദൌത്യമാണിത്.

22 ഹെലികോപ്‌ടറുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാർഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്. ഇന്ന് മാത്രം 900 എയർ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.

രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്ടറുകളിൽ കയറാൻ തയ്യാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭയം നിമിത്തമാണ് പലരും ഹെലികോപ്ടറുകളിൽ കയറാൻ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉൾക്കൊള്ളാവുന്ന ഹെലികോപ്ടറുമായി നാല് തവണ ദൗത്യങ്ങൾക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേർ മാത്രമാണ് കയറാൻ തയ്യാറായത്. കയറാൻ തയ്യാറാവുന്നവരെ പിന്തിരിപ്പിച്ചവരുമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വീണ്ടും എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ശക്തമായ മഴ ഉണ്ടാവില്ലെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് കേരളത്തിലേക്ക് വീണ്ടും മഴ എത്താന്‍ കാരണമാകുന്നത്.

മഴ വീണ്ടും എത്തുമെന്ന സാഹചര്യത്തില്‍ കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, കാസർകോട് തുടങ്ങിയവ ഒഴികെ 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ മൂന്ന് ജില്ലകളിലൊഴിച്ചുള്ള ജില്ലകളില്‍ ഞായറാഴ്‌ച രാവിലെവരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :