മത്സ്യബന്ധനത്തിന് സബ്സീഡി മണ്ണെണ്ണ നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 25 ഏപ്രില്‍ 2015 (20:17 IST)
കേരളത്തിലെ മത്സ്യബന്ധന മേഖലയെ ആശങ്കയിലാക്കി മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണവിതരണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചു. എന്‍ജിനൊന്നിന് 129 മുതല്‍ 180 ലീറ്റര്‍ വരെയാണ് സബ്സിഡി നിരക്കില്‍ നല്‍കിയിരുന്നത്.
കേന്ദ്ര നിര്‍ദ്ദേശം വന്നതൊടെ വിതരണം നിര്‍ത്തിവച്ചതോടെ കടലില്‍ പോകുന്ന വള്ളങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു.

മണ്ണെണ്ണ ഗാര്‍ഹികാവശ്യത്തിനായാണ് നല്‍കുന്നതെന്നും ഇത് മത്സ്യബന്ധനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എങ്കിലും മണ്ണെണ്ണ വിതരണം നിര്‍ബാധം തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
അഞ്ചാംതീയതിയാണ് മണ്ണെണ്ണ വിതരണം ചെയ്യേണ്ടത്. എന്നാല്‍ കേന്ദ്ര നിര്‍ദേശമുള്ളതിനാല്‍ സ്റ്റോക്കുണ്ടായിട്ടുപോലും ഈ മാസം മണ്ണെണ്ണ കൊടുത്തിട്ടില്ല.

ഒന്നോ രണ്ടോ തവണ
കടലില്‍ പോകാനേ തികയുള്ളുവെങ്കിലും 18 രൂപയ്ക്കു കിട്ടുന്ന മണ്ണെണ്ണ തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്നു. കരിഞ്ചന്തയില്‍ 80 രൂപയാണ് ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക്.
സബ്സിഡി മണ്ണെണ്ണ കിട്ടാത്തതില്‍ പ്രതിഷേധിച്ചു കഴിഞ്ഞദിവസം മല്‍സ്യതൊഴിലാളികള്‍ മല്‍സ്യഫെഡ് എംഡിയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. അപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പുറത്തായത്.

ജനുവരിയില്‍ കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേരിട്ട് അഭ്യര്‍ഥിച്ചതിനെതുടര്‍ന്നാണ് അന്നതു പുനസ്ഥാപിച്ചത്. ഇപ്പോള്‍ ആ മണ്ണെണ്ണ മത്സ്യബന്ധനത്തിന് ഉപയോഗിക്കരുതെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. വിദേശ കപ്പലുകള്‍ക്ക് കടലില്‍ മത്സ്യ ബന്ധനത്തിന് കയറാന്‍ വഴിയൊരുക്കുന്നതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുകയാണ് കേന്ദ്രമെന്നാണ് ആരോപണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :