ആലപ്പുഴ|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (12:46 IST)
കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാണ് സാമ്പത്തികപ്രതിസന്ധിയുണ്ടായതെന്ന കെ എം മാണിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 856 കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതായത് 18.47 ശതമാനം അധികം സഹായമാണ് ലഭിച്ചത്. എന്തു പറഞ്ഞാലും ജനം വിഴുങ്ങുമെന്ന് മാണി ധരിക്കരുതെന്നും തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി
തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേന്ദ്രധനസഹായം കുറഞ്ഞതുകൊണ്ടാണ് കേരള സര്‍ക്കാരിന് ധനകാര്യ പ്രതിസന്ധിയുണ്ടായത് എന്ന് ഇന്നലെ ധനമന്ത്രി ശ്രീ കെ എം മാണി പ്രസ്താവിച്ചുകണ്ടു. ഇതു തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഈ വര്‍ഷം സെപ്തംബര്‍ 10 വരെ കേന്ദ്രധനസഹായമായി മൊത്തം 5492 കോടി രൂപയാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം എന്നാല്‍ ഇതേ കാലയളവില്‍ 4635 കോടി രൂപയേ ലഭിച്ചുളളൂ. ശ്രീ കെ എം മാണി പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 856 കോടി അധികം കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. അതായത്, കഴിഞ്ഞ വര്‍ഷം ലഭിച്ചതിനെക്കാള്‍ 18.47 ശതമാനം അധികം.
ഈ കാലയളവില്‍ സംസ്ഥാനം നേരിട്ടു പിരിക്കേണ്ട നികുതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമേ കൂടിയിട്ടുളളൂ. ഈ വീഴ്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇതു മറച്ചുവെയ്ക്കാനാണ് ധനപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്‍റെ തലയിലിടുന്നത്.
കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ലഭിക്കുന്ന സഹായം തികച്ചും അപര്യാപ്തമാണ് എന്നതില്‍ തര്‍ക്കമില്ല. ധനകാര്യ കമ്മിഷന്‍ തീര്‍പ്പുകള്‍ നമുക്കെതിരാണ് എന്നതിലുമില്ല തര്‍ക്കം. ബജറ്റില്‍ വകയിരുത്തിയ പണം മുഴുവനും ലഭിച്ചില്ല എന്നതിലും തര്‍ക്കമില്ല. ഇതൊക്കെ പ്രതിഷേധാര്‍ഹമാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോഴുളള ധനപ്രതിസന്ധിയ്ക്കു കാരണം ഇതല്ല.
കൂടുതല്‍ വിശദാംശങ്ങള്‍ തരാം. കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗ്രാന്‍റായി 4434 കോടി കിട്ടിയ സ്ഥാനത്ത് 2014-15ല്‍ 5045 കോടി രൂപ കിട്ടി. കഴിഞ്ഞവര്‍ഷം വിദേശ ധനസഹായമായും കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേക നിക്ഷേപമായും 201 കോടി രൂപയാണ് കിട്ടിയത്. നടപ്പുവര്‍ഷത്തില്‍ അത് 446 കോടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 6200 കോടി രൂപയാണ് സെപ്തംബര്‍ 10 വരെ കമ്പോളവായ്പയെടുത്തത്. നടപ്പുവര്‍ഷത്തില്‍ 6900 കോടി രൂപയും. എവിടെയാണ് കേന്ദ്രധനസഹായം കുറഞ്ഞത്? എന്തു പറഞ്ഞാലും ജനം വിഴുങ്ങുമെന്ന് ശ്രീ കെ എം മാണി ധരിക്കരുത്.