രേണുക വേണു|
Last Modified ശനി, 30 നവംബര്‍ 2024 (07:57 IST)
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ഉച്ചയ്ക്കു ശേഷം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിലായിരിക്കും കരതൊടുക. നിലവില്‍ ചെന്നൈയ്ക്ക് 190 കിലോമീറ്റര്‍ അകലെയാണ് ഫെയ്ഞ്ചലുള്ളത്.
തമിഴ്‌നാട്ടിലും തെക്കന്‍ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കര തൊടുമ്പോള്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം എട്ട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. സ്‌പെഷല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിര്‍ദേശം.
ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ചെന്നൈ മെട്രോ രാത്രി 11 വരെ തുടരും. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.