കൊല്ലം|
Last Modified വെള്ളി, 10 ജൂലൈ 2015 (16:53 IST)
വ്യാജ വിസ നല്‍കി കബളിപ്പിച്ചതിനു വര്‍ക്കല സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര താമരശേരി ഗോള്‍ഡന്‍ വില്ലയില്‍ മറീനാ ഹോളീഡെയ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന വര്‍ക്കല പെരുങ്കുളം ഗുരു മന്ദിരത്തിനടുത്ത് അനിതാ വിലാസത്തില്‍ അനില്‍ കുമാര്‍ എന്ന 41 കാരനാണ് വലയിലായത്.
വിദേശത്ത് ജോലി ഒഴിവുണ്ടെന്ന് പത്ര പരസ്യം നല്‍കിയായിരുന്നു കബളിപ്പിക്കല്‍. കൊല്ലത്തെ ബാങ്കില്‍ പണമെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലം ആശ്രാമം കാവടിപ്പുറം നഗറില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. പ്രീഡിഗ്രി വരെ പഠിച്ച അനില്‍ കുമാര്‍ 6 വര്‍ഷം മുമ്പ് വരെ വിദേശത്തായിരുന്നു.
പത്രപരസ്യം വഴി ബന്ധപ്പെടുന്നവരില്‍ നിന്ന് രജി.ഫീസ് ഇനത്തില്‍ പതിനായിരം രൂപ കൈപ്പറ്റും തുടര്‍ന്ന് ഇവര്‍ക്ക് ഇ-മെയിലില്‍ വ്യാജ വിസ തയ്യാറാക്കി അയച്ചുകൊടുക്കും. തുടര്‍ന്ന് തന്‍റെ ഭാര്യ, ഭാര്യാ മാതാവ് എന്നിവരുടെ പേരിലുള്ള കൊല്ലത്തെ വിവിധ ബാങ്കുകളിലെ അക്കൌണ്ടുകളിലേക്ക് പണം അയയ്ക്കാന്‍ നിര്‍ദ്ദേശിക്കും. ഇതായിരുന്നു തട്ടിപ്പ് രീതി.
ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തായറിയുന്നു.
എന്നാല്‍ ഇത്തരത്തില്‍ കരുനാഗപ്പള്ളി കുലശേഖരപുരം ദിലീഷ്, അഖില്‍ എന്നിവരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയും ഒരു ലക്ഷം രൂപ വീതം തട്ടിയെടുക്കുകയും ചെയ്തു. എന്നിട്ടും ഇവര്‍ക്ക് വിസയും നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് പരാതി വന്നപ്പോഴാണ് കൊല്ലത്തു വച്ച് അനില്‍ കുമാറിനെ കൊല്ലംഎഎസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.