ഭാര്യയുടെ പേരിൽ ഫേസ്‌ബുക്ക് ചാറ്റ് ചെയ്തു യുവാവിനെ തട്ടിക്കൊണ്ടുപോയി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (21:01 IST)
തിരുവനന്തപുരം: ഭാര്യയുടെ പേരിൽ ഫേസ് ബുക്ക് ചാറ്റ് ചെയ്തു യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ 25 കാരനായ വിഷ്ണുരാജിനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

വിഷ്ണുരാജ് ഭാര്യയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് ഐ.ഡി നിർമ്മിക്കുകയും നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്യുകയും ചെയ്തു. ചാട്ടിംഗിലൂടെ നെടുമങ്ങാട് സ്വദേശിയെ ആറ്റുകാൽ പാർക്കിംഗ് ഏരിയായിൽ എത്തിക്കുകയും തുടർന്ന് സമീപത്തെ ഐരാണിക്കുറ്റം ഹോമിയോ കോളേജ് ഗ്രൗണ്ടിൽ കൊണ്ടുപോയി മർദ്ദിച്ചു പണവും സ്വർണ്ണവും വാഹനത്തിന്റെ ആർ.സി.ബുക്കും തട്ടിയെടുത്തു.പിന്നീട് പ്രതി അട്ടിമലത്തുറയിലെ കടപ്പുറത്ത് ഒളിവിൽ പോയി.

പോലീസിൽ പരാതി ലഭിച്ചതോടെ ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിഷ്ണുരാജിനെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം സംഭവത്തിൽ ഉണ്ടായിരുന്ന രണ്ട്, മൂന്നു, നാല്, ആറ് പ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നു. അതും കണ്ടെടുത്തു. ഇനി അഞ്ചാം പ്രതി കൂടി അറസ്റ്റിലാകാനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :