സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (19:23 IST)
ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസില്‍ സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി. കേസില്‍ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ കേസിന്റെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റിവെച്ചു. കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവമേറിയ വിഷയമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സി ടി രവികുമാറും സഞ്ജയ് കരോളും അടങ്ങിയ ബഞ്ച് പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ അത് പലര്‍ക്കും പ്രോത്സാഹനമാകുമെന്നും ഇത് ഇനി ഉണ്ടാവാന്‍ പാടില്ലെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ പറഞ്ഞു. കൂടാതെ ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് കോടതി പറഞ്ഞു.