കണ്ണൂര്‍|
സജിത്ത്|
Last Updated:
തിങ്കള്‍, 3 ഏപ്രില്‍ 2017 (12:33 IST)
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ഇ.പി ജയരാജന്‍. ബന്ധുനിയമനം എന്നു പറയണമെങ്കില്‍ രക്തബന്ധം വേണം. താന്‍ ഒരു ബന്ധുനിയമനവും നടത്തിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ജേക്കബ് തോമസ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയില്ല.
എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയാത്ത സ്ഥിതിയാണുള്ളത്. കോടതി വിധി വന്നതിനുശേഷം മാത്രമെ താന്‍ ജേക്കബ് തോമസിന് മറുപടി നല്‍കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മാര്‍ച്ച് 31നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറി നില്‍ക്കാന്‍ ജേക്കബ് തോമസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിയായിരിക്കെ ഇ പി ജയരാജന്‍ സ്വന്തക്കാരെ നിയമിച്ച നടപടിയാണ് വന്‍ വിവാദമായത്.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായ പി കെ ശ്രീമതി മകന്‍ പി കെ സുധീര്‍ നമ്പ്യാരെയായിരുന്നു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചത്. ഇത് വന്‍ വിവാദമായിരുന്നു. ഇതിനെതിരായി പാര്‍ട്ടി അനുഭാവികളടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് ആ നിയമനം റദ്ദാക്കുകയും തൊട്ടുപിന്നാലെ ഇ.പി ജയരാജന്‍ രാജിവെക്കുകയും ചെയ്തു.