'ഇഎംഎസിന്റെ മകളെ സിപിഎം കൈവിട്ടോ?'; ഇതാണ് യാഥാർഥ്യം
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇഎംഎസിന്റെ മകളെ സിപിഎം തിരഞ്ഞുനോക്കുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധം. ഇഎംഎസിന്റെ മകൾ ഇ.എം.രാധയുടെ ഭർത്താവ് ഗുപ്തൻ സി.കെ. തന്നെ ഇക്കാര്യത്തിൽ വ്യക്തതയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റ്
സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണം കല്ലുവെച്ച നുണയാണെന്ന് ഗുപ്തൻ സി.കെ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പാർട്ടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നതെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
'തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസ്സിൻറെ മകളും എന്റെ ഭാര്യയുമായ ഇഎം രാധയെ പാർടി തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. പാർടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നത്.
ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെന്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിന്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.'
കുപ്രചരണം തുടങ്ങിയത് ഋഷി എന്ന മാധ്യമപ്രവർത്തകൻ
ഫെയ്സ്ബുക്കിൽ ഋഷി കമൽ മനോജ് എന്ന വ്യക്തിയാണ് അടിസ്ഥാനരഹിതമായ ഈ പ്രചരണത്തിന് തുടക്കമിട്ടത്. ഇ.എം.രാധ കടുത്ത രോഗാവസ്ഥയിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണെന്നും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് കാര്യമായ കരുതലൊന്നും ലഭിക്കുന്നില്ലെന്ന് അവരുടെ കുടുംബവുമായി അടുപ്പമുള്ള വ്യക്തി തന്നോട് പറഞ്ഞെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. Also Read: 'ഞാൻ ഒന്നും അറിയുന്നില്ല'; പൊട്ടിത്തെറിച്ച് സണ്ണി ജോസഫ്, ഒപ്പം കൂട്ടി വേണുഗോപാൽ
