വനപാലകര്‍ നല്‍കിയ നിര്‍ദേശം കേട്ടില്ല; വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സ്വദേശിക്ക് ദാരുണാന്ത്യം (വീഡിയോ)

വനപാലകരുടെ നിര്‍ദേശം മറികടന്നതാണ് ജര്‍മന്‍ സ്വദേശിയുടെ മരണത്തിനു കാരണം

Elephant Attack
Renuka Venu| Last Modified ബുധന്‍, 5 ഫെബ്രുവരി 2025 (08:34 IST)
Elephant Attack

വാല്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വിദേശയാത്രികന്‍ കൊല്ലപ്പെട്ടു. ജര്‍മന്‍ സ്വദേശി മൈക്കിള്‍ (76) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വാല്‍പാറ റേഞ്ച് ഹൈവേയില്‍ ടൈഗര്‍ വാലിയിലായിരുന്നു സംഭവം.

വനപാലകരുടെ നിര്‍ദേശം മറികടന്നതാണ് ജര്‍മന്‍ സ്വദേശിയുടെ മരണത്തിനു കാരണം. വനമേഖലയില്‍ നിന്ന് എത്തിയ കാട്ടാന റോഡ് കുറുകെ കടക്കുന്നതിനാല്‍ ആ റോഡിലൂടെ പോകുന്ന വാഹനങ്ങളെല്ലാം വനപാലകര്‍ താല്‍ക്കാലികമായി തടഞ്ഞിരുന്നു. ആനയ്ക്കു കടക്കാന്‍ വേണ്ടി ഇരുവശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. എന്നാല്‍ ബൈക്കില്‍ എത്തിയ മൈക്കിള്‍ വനപാലകരുടെ നിര്‍ദേശം ചെവികൊണ്ടില്ല. ഇയാള്‍ കാട്ടാന നില്‍ക്കുന്ന റോഡിലൂടെ ബൈക്കുമായി മുന്നോട്ടുപോയി. ഈ സമയത്താണ് ആനയുടെ ആക്രമണം.

റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുകയായിരുന്ന ആന പിന്നില്‍ നിന്ന് ബൈക്കിന്റെ ശബ്ദം കേട്ടതോടെ പരിഭ്രാന്തിയിലായെന്നും ഉടന്‍ പിന്തിരിഞ്ഞ് ബൈക്ക് കൊമ്പില്‍ കോര്‍ത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബൈക്കില്‍ നിന്നു വീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും കാട്ടാനയുടെ പിടിയില്‍ അകപ്പെട്ടു. വനപാലകര്‍ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് പരുക്കേറ്റ മൈക്കിളിനെ റോഡില്‍ നിന്നു മാറ്റിയത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്കുകള്‍ ഗുരുതരമായതിനാല്‍ രാത്രിയോടെ ഇയാള്‍ മരിച്ചു. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :