കോഴിക്കോട്|
വെബ്‌ദുനിയ പൊളിറ്റിക്കല്‍ ഡെസ്‌ക്|
Last Updated:
ശനി, 5 മാര്‍ച്ച് 2016 (18:04 IST)
തെരഞ്ഞെടുപ്പിനു മുമ്പേ തിരുവമ്പാടിയില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം പുകയുന്നു. മുസ്ലിം ലീഗിന് സീറ്റ് നല്കിയതില്‍ താമരശ്ശേരി രൂപതാനേതൃത്വമാണ് ഉടക്കുമായി രംഗത്തെത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി തന്നെയാണ് യു ഡി എഫിനു വേണ്ടി മത്സരിക്കുന്നതെങ്കില്‍ പിന്തുണയ്ക്കില്ലെന്നാണ് രൂപതാനേതൃത്വത്തിന്റെ നിലപാട്. മലയോര കര്‍ഷക മേഖലയായ തിരുവമ്പാടി ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്നു. പിന്നീട്, മുരളീധരന് ലോക്സഭ സീറ്റിനു വേണ്ടിയാണ് കരുണാകരന്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന തിരുവമ്പാടി മുസ്ലി ലീഗിന് കൈമാറിയത്. എന്നാല്‍, കഴിഞ്ഞ കുറേ കാലങ്ങളായി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ രൂപത നേതൃത്വം ഉടക്കിലാണ്. ലീഗിന് പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെന്നാണ് ഇവരുടെ നിലപാട്.
1977 മുതല്‍ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു തിരുവമ്പാടി. 1977 മുതല്‍ 1979 വരെയും 1980 മുതല്‍ 1982 വരെയും1982 മുതല്‍ 1987 വരെയും സിറിയക് ജോണ്‍ ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 1987 മുതല്‍ 1991 വരെ പി പി ജോര്‍ജ് ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്. എന്നാല്‍, 1991ല്‍ മുരളീധരന് ലോക്‌സഭ മണ്ഡലം ലഭിക്കുന്നതിനു വേണ്ടി തിരുവമ്പാടി നിയമസഭ മണ്ഡലം മുസ്ലിം ലീഗിന് കൈമാറിയത്. 1991 മുതല്‍ 2001 വരെ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇവിടെ നിന്ന് ജയിച്ചു കയറിയെങ്കിലും 2006ല്‍ സി പി എം സ്ഥാനാര്‍ത്ഥി ആയ മത്തായി ചാക്കോ ഇവിടെ വെന്നിക്കൊടി പാറിച്ചു. മത്തായി ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന 2007ല്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയായ ജോര്‍ജ് എം തോമസ് ആണ് വിജയിച്ചത്. എന്നാല്‍, 2011ല്‍ വിജയം വീണ്ടും മുസ്ലിം ലീഗിനെ തേടിയെത്തി.
പക്ഷേ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുസമയത്തു തന്നെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട്
താമരശ്ശേരി രൂപത കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ പറ്റില്ലെന്നും പകരം സ്ഥാനാര്‍ത്ഥിയെ വേണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, ഇത്തവണ കൂടി മുസ്ലിം ലീഗിനെ പിന്തുണയ്ക്കണമെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രൂപതയുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി അന്ന് രൂപതയ്ക്ക് നല്കിയ വാക്ക്. പക്ഷേ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടത്തുന്നതിനും മുമ്പേ തിരുവമ്പാടി അടക്കമുള്ള 20 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും ആയിരുന്നു.
ഇത്തവണ ഒരു തരത്തിലും മുസ്ലിം ലീഗിനെ അനുകൂലിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ രൂപതയും മലയോര വികസന സമിതിയും ഉറച്ചു നില്‍ക്കുകയാണ്. യു ഡി എഫിനെ പ്രതിനിധീകരിച്ച് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ആലോചനയിലാണ് രൂപതയും മലയോര വികസന സമിതിയും. അതല്ലെങ്കില്‍, സി പി എം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പുതുപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന ഗിരീഷ് ജോണ്‍ ആയിരിക്കും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗിരീഷ് അല്ലെങ്കില്‍ മുന്‍ എം എല്‍ എ കൂടിയായിരുന്ന ജോര്‍ജ് എം തോമസ് ആണ് സി പി എമ്മിന്റെ പരിഗണനയില്‍. സി പി എം സംസ്ഥാന നേതൃത്വം സഭയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ ഇടതുസ്ഥാനാര്‍ത്ഥിയ പിന്തുണയ്ക്കുന്ന കാര്യം സഭ കാര്യമായി തന്നെ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുസ്ലിം ലീഗിന് തിരുവമ്പാടി സീറ്റ് നല്കിയതിലുള്ള അതൃപ്‌തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെയും രൂപത നേതൃത്വം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സംഭവം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് നേതാക്കള്‍ വാക്കും നല്കിയിട്ടുണ്ട്. എന്നാല്‍, മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി തന്നെയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നതെങ്കില്‍ എങ്ങനെ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്പിക്കാം എന്നതാണ് രൂപതാനേതൃത്വം ഇപ്പോള്‍ ചിന്തിക്കുന്നത്.
അതേസമയം, സ്ഥാനാര്‍ത്ഥിത്തം പ്രഖ്യാപിച്ചതോടെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി വി എം ഉമ്മര്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പു പ്രചരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയിക്കഴിഞ്ഞു. യു ഡി എഫില്‍ മുസ്ലിം ലീഗ് നിര്‍ണായകശക്തി ആയതിനാല്‍ തിരുവമ്പാടിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടാന്‍ സാധ്യത വിരളമാണ്. അങ്ങനെയെങ്കില്‍ ശക്തമായ ബി ജെ പി ത്രികോണ മത്സരത്തിനായിരിക്കും മണ്ഡലം സാക്‌ഷ്യം വഹിക്കുക. താമരശ്ശേരി രൂപതയുടെ സ്ഥാനാര്‍ത്ഥി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുകയും ചെയ്യും.
(ചിത്രത്തിന് കടപ്പാട് - താമരശ്ശേരി രൂപതയുടെ വെബ്‌സൈറ്റ്)