കോന്നിയുടെ കാര്യത്തില്‍ എസ് എന്‍ ഡി പിക്ക് കോണ്‍ഗ്രസിനോട് അതൃപ്‌തിയെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട| ജോണ്‍സി ഫെലിക്‍സ്| Last Updated: ചൊവ്വ, 2 മാര്‍ച്ച് 2021 (21:18 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാകണം എന്നതിനെ ചൊല്ലി യു ഡി എഫില്‍ അസ്വസ്ഥതകള്‍ പുകയുന്നതിനിടെ എസ് എന്‍ ഡി പി യുഡിഎഫില്‍ നിന്ന് അകലുന്നതായി സൂചന. ഈഴവസമുദായത്തിന്‍റെ വികാരങ്ങളെ മാനിക്കാതെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്‌ചയിക്കുന്നതില്‍ സമുദായത്തിന് കടുത്ത അതൃപ്‌തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തങ്ങളുടെ പ്രതിനിധി വരണമെന്നാണ് എസ് എന്‍ ഡി പി ആഗ്രഹിക്കുന്നത്. പതിവായി അടൂര്‍ പ്രകാശ് മത്‌സരിച്ചുകൊണ്ടിരുന്ന മണ്ഡലത്തില്‍ ഇത്തവണയും ഈഴവ സമുദായത്തില്‍ നിന്ന് ഒരാള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകണമെന്ന് സമുദായം ആഗ്രഹിക്കുന്നുണ്ട്. 2016ല്‍ ഈഴവ സമുദായത്തില്‍ നിന്നുള്ള 11 പേര്‍ക്കുമാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ അവസരം നല്‍കിയത്. അതില്‍ ജയിച്ച ഏക സീറ്റാണ് കോന്നി.

തോല്‍ക്കുന്ന സീറ്റുകളാണ് പതിവായി എസ് എന്‍ ഡി പിക്ക് നല്‍കുന്നത് എന്നൊരു പരാതി സമുദായത്തിനുണ്ട്. അതുകൊണ്ടുതന്നെ, ഇത്തവണ കോന്നി ഉള്‍പ്പടെ ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ എസ് എന്‍ ഡി പി പ്രതിനിധികള്‍ക്ക് അവസരം നല്‍കണമെന്ന് സമുദായം ആഗ്രഹിക്കുന്നു. മാത്രമല്ല, 35 സീറ്റുകള്‍ ഈഴവസമുദായത്തിന് കൊടുക്കണമെന്ന രീതിയില്‍ പാര്‍ട്ടിയില്‍ തന്നെ നിര്‍ദ്ദേശവും വന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കോന്നിയില്‍ എസ് എന്‍ ഡി പി പ്രതിനിധി സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം സമുദായനേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അടൂര്‍ പ്രകാശിന്‍റെ നീക്കങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രമല്ല, ഡി സി സി ഭാരവാഹികള്‍ തന്നെ അടൂര്‍ പ്രകാശിന്‍റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവരികയും നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ എസ് എന്‍ ഡി പി പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ഈഴവ സമുദായത്തിന്‍റെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലേക്ക് വന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :