പത്തനംതിട്ട|
സുബിന്‍ ജോഷി|
Last Modified ചൊവ്വ, 29 ഡിസംബര്‍ 2020 (08:03 IST)
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന് ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് വെളിപ്പെടുത്തി മണിക്കൂറുകള്‍ക്കകം നിലപാട് വെളിപ്പെടുത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസ് എം പിമാര്‍ ആരും തന്നെ രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഇളവുകിട്ടിയാല്‍ കോന്നി മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നു പ്രകാശിന്‍റെ തീരുമാനം. നിലവില്‍ സി പി എമ്മിന്‍റെ കൈപ്പിടിയിലായ മണ്ഡലം തിരിച്ചുപിടിക്കാന്‍ തനിക്കുമാത്രമേ സാധിക്കൂ എന്ന സന്ദേശം കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിലൂടെ മുന്നോട്ടുവയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ജയസാധ്യത കണക്കിലെടുത്ത് എം പി മാരെ രാജിവയ്പ്പിച്ച് മത്സരിപ്പിക്കുന്നത് അപകടമാണെന്ന് ഹൈക്കമാന്‍ഡ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആകെ 54 എം പിമാരാണ് കോണ്‍ഗ്രസിനുള്ളത്. അവരില്‍ ചിലരെ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കുന്നത് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ബലം കുറയ്ക്കുമെന്ന തിരിച്ചറിവിലാണ് ഹൈക്കമാന്‍ഡ് കര്‍ക്കശമായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.