തിരുവനന്തപുരം|
JOYS JOY|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (18:56 IST)
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണറെ താന്‍ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ഫേസ്‌ബുക്കിലാണ് കുഞ്ഞാലിക്കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. താനോ മുഖ്യമന്ത്രിയോ തെരഞ്ഞെടുപ്പു കമ്മീഷണറെ തന്റെയോ മുഖ്യമന്ത്രിയുടെയോ ചേംബറില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കമ്മീഷനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ ഭാഗം താന്‍ ശക്തമായി തന്നെ വിശദമാക്കിയിട്ടുണ്ടെന്നും അതുപറയാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തമ്മില്‍ തദ്ദേശ ഭരണസ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കാര്യത്തില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷണറുമായി നടന്ന ചര്‍ച്ചയില്‍ ഒരു സമവായം ഉണ്ടാവുകയാണ് ചെയ്തത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു.