രേണുക വേണു|
Last Modified വെള്ളി, 9 ഓഗസ്റ്റ് 2024 (13:01 IST)
വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാര്‍. ഇതേ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.
അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തരകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.
പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ഈ മേഖലകളിലെ സ്‌കൂളുകള്‍ക്ക് അടിയന്തരമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരികള്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.