സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 ഡിസംബര്‍ 2021 (16:04 IST)
സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍കടകള്‍ സംബന്ധിച്ച ഫയല്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പും ഇതിനോട് ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.