ഇബുൾ ജെറ്റ് വ്ലോഗർമാരെ കോടതിയിൽ ഹാജരാക്കി: കോടതിമുറിയിലും നാ‌ടകീയ രംഗങ്ങൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (17:48 IST)
ഇ ബുൾ ജെറ്റ് വ്ലോഗർമാരെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കി. ആർടിഒ ഓഫീസിൽ രാവിലെ നടന്നതിന് സമാനമായി നാടകീയരംഗങ്ങളാണ് കോടതിയിലും നടന്നത്. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയതായി
ഇ- ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും ആരോപിച്ചു.

കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു.

ഇക്കാര്യത്തിൽ തുടർനടപടിക്കായി ഇരുവരോടും ഇന്ന് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇരുവരും രാവിലെ ആർടിഒ ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് ഇവരുടെ നിരവധി ആരാധകർ ആർടിഒ ഓഫീസിൽ എത്തി.


വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്കുതർക്കമായതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ
ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :