ആറ്റിങ്ങല്‍|
Last Modified വെള്ളി, 18 നവംബര്‍ 2016 (15:51 IST)
ഡി വൈ എസ് പിയുടെ വീട്ടുവളപ്പില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അകന്ന ബന്ധുവായ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ കവുറ്റയില്‍ കൊട്ടാരവിള വീട്ടില്‍ രാഘവന്‍റെ മകന്‍ രാജന്‍ എന്ന 39 കാരനാണു മരിച്ചത്.
നെയ്യാറ്റിന്‍കര ഡി വൈ എസ് പി സുള്‍ഫിക്കറുടെ ആറ്റിങ്ങല്‍ വലിയകുന്ന് മനോമോഹന വിലാസം സ്റ്റേഡിയം റോഡിലുള്ള കൈരളിയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ സംഭവം നടന്നത്. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ച നിലയിലായിരുന്നു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് കാട്ടുപുറം സ്വദേശിയായ വീട്ടുജോലിക്കാരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിനെ തുടര്‍ന്നാണു ജോലിക്കാരിയെ അറസ്റ്റ് ചെയ്തത്.
എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകത്തിക്കുന്നത് കണ്ടെന്നും ഇത് ആരാണെന്ന് മനസിലായില്ലെന്നുമാണു ജോലിക്കാരി ആദ്യം പറഞ്ഞത്. അടുത്തുണ്ടായിരുന്ന സ്കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സ്കൂട്ടര്‍ ആറ്റിങ്ങലിലെ ഒരു സ്റ്റുഡിയോ ഉടമയുടേതാണെന്നും മരിച്ച രാജന്‍ സുഹൃത്തായ സ്റ്റുഡിയോ ഉടമയില്‍ നിന്ന് യാത്രയ്ക്കായി വാങ്ങിയതാണെന്നും കണ്ടെത്തി.
അന്വേഷണത്തില്‍ വീട്ടുജോലിക്കാരിയും രാജനും ഏറെനാളായുള്ള ബന്ധമുണ്ടെന്ന് കണ്ടെത്തി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജന്‍ മുമ്പ് വിവാഹം കഴിച്ചെങ്കിലും അത് വേര്‍പെടുത്തിയിരുന്നു. ഇപ്പോള്‍ സഹോദരിക്കൊപ്പം കല്ലുവാതുക്കലാണു താമസം. ജോലിക്കാരിയെ ചോദ്യം ചെയ്തുവരുന്നു.