തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 17 നവംബര്‍ 2016 (15:43 IST)
മുന്‍ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാർ തട്ടിപ്പ് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ മുഖ്യപ്രതി സരിത എസ് നായരിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. എസ്‌പിയുടെ സാന്നിദ്ധ്യത്തില്‍ ഡിവൈഎസ്‌പി രാധാകൃഷ്ണൻനായരാണ് മൊഴിയെടുത്തത്.
കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർക്കും എംഎൽഎ മാർക്കും യുഡിഎഫ് നേതാക്കൾക്കുമെതിരെ സരിത മൊഴി നൽകിയെന്നാണ് സൂചന. സോളാർ ഇടപാടിന് സഹായം വാഗ്ദാനം ചെയ്യുകയും അതിന്റെ പേരിൽ ലക്ഷങ്ങൾ ഇവര്‍ വാങ്ങിയെന്നും മൊഴി നല്‍കിയതായിട്ടാണ് പുറത്തുവരുന്ന സൂചനകള്‍.
ഉച്ചയൂണിന്റെ സമയം കഴിഞ്ഞിട്ടും സരിതയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് വരും ദിവസങ്ങളിൽ കേസിൽ വിശദമായ അന്വേഷണം ആരംഭിക്കാനാണ് സാദ്ധ്യത.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സരിത നേരത്തെ പരാതി നല്‍കിയിരുന്നു. തുടർന്ന് പരാതി വിശദ അന്വേഷണത്തിന് ഒരുമാസം മുമ്പ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സരിതക്ക് വേണ്ടി ഹാജരാവുക അഡ്വ ബിഎ ആളൂരാണ്.