ഡോ. പി എ ബൈജുവിന്റെ മരണം: രോഗിയുടെ ഭർത്താവിനെ‌തിരെ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പൊലീസ്

ഡോക്‌ടറായ പി എ ബൈജു മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പൊലീസ്

മൂവാറ്റുപുഴ| സജിത്ത്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (11:26 IST)
മരുന്നിന്റെ വിശ്വാസ്യത തെളിയിക്കുന്നതിനായി മരുന്നു കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ആയുര്‍വേദ ഡോക്‌ടറായ പി എ ബൈജു മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പൊലീസ്. ബൈസൺവാലി സ്വദേശി രാജപ്പനാണ് പ്രതി. റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ബൈജു ഇന്നലെയാണ് മരിച്ചത്. രോഗിക്ക് കുറിച്ചു നല്കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനായി ബൈജു മരുന്നു കഴിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയില്‍ ആകുകയുമായിരുന്നു.

മൂവാറ്റുപുഴ സ്വദേശിയായ ബൈജു സൈബന്‍വാലി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറായിരുന്നു. 2007 ജനുവരി 24നാണ്
ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ സൈബന്‍വാലി സ്വദേശി ശാന്തയ്ക്ക് ഇദ്ദേഹം മരുന്നു നല്‍കിയത്. എന്നാല്‍, ഈ മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ശാന്തയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ഡോക്‌ടറെ കാണാന്‍ എത്തുകയായിരുന്നു.

എന്നാല്‍, താന്‍ നല്കിയ മരുന്നിന് കുഴപ്പമില്ലെന്ന് പറഞ്ഞ ഡോ. ബൈജു വിശ്വാസ്യത തെളിയിക്കാന്‍ മരുന്നു കഴിക്കുകയും തളര്‍ന്നു വീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ ബൈജുവിനെ ഉടന്‍ തന്നെ അടിമാലി സര്‍ക്കാര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും അബോധാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :