സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 ജൂണ്‍ 2024 (14:03 IST)
ഹരിപ്പാട് പേവിഷ ബാധയേറ്റ് എട്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം. തെരുവുനായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേവിഷ ബാധയ്ക്കുള്ള കുത്തിവെപ്പ് നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ മാസം 21നായിരുന്നു എട്ടു വയസുകാരനായ ദേവനാരായണന് തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ റോഡിലൂടെ പോവുകയായിരുന്ന കൂട്ടുകാരനെയും അമ്മയെയും തെരുവുനായ ആക്രമിക്കാന്‍ പോകുന്നത് കണ്ട് കയ്യില്‍ ഉണ്ടായിരുന്ന പന്തെടുത്ത് നായയെ എറിയുകയായിരുന്നു. പിന്നാലെ നായ ദേവനാരായണനെ ആക്രമിച്ചു.
കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓടയില്‍ വീണു പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിക്കുകയായിരുന്നു. എന്നാല്‍ നായയുടെ കടിയേറ്റ പാട് കാണാത്തതിനാല്‍ വീഴ്ചയിലുണ്ടായ പരിക്കിന് ചികിത്സ കൊടുത്ത് ആശുപത്രിയില്‍ നിന്ന് വിട്ടയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കുട്ടിയെ വീണു പരിക്കേറ്റെന്ന നിലയിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്നാണ് രേഖകളില്‍ ഉള്ളതെന്ന് സൂപ്രണ്ട് പറഞ്ഞു.