തിരുവനന്തപുരം|
Last Updated:
തിങ്കള്‍, 21 ജൂലൈ 2014 (10:09 IST)
ആരോഗ്യവകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല നിസഹകരണ സമരത്തില്‍. ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത നിലയിലാണ് സമരം. അതേസമയം സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശമ്പളം ലഭിക്കില്ല. പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനെതിരേയാണ് ഡോക്ടര്‍മാരുടെ സമരം.
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ച് പെന്‍ഷന്‍ പ്രായം കൂട്ടുക എന്നീ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു.
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇന്നുമുതല്‍ അനിശ്ചിതകാല നിസഹകരണം ആരംഭിച്ചത്. വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യവകുപ്പിന്റെ യോഗങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കല്‍ എന്നിവയില്‍ ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും.
നിലവില്‍ താഴെ തട്ടിലുള്ള ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ക്ഷാമം ഏറെയാണ്.അങ്ങനെയിരിക്കെ ഇവിടെ നിന്നും ഡോക്ടര്‍മാരെ പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് ഡെപ്യൂട്ടേഷനില്‍ വിടുന്നത് ആശുപത്രികളെ തകര്‍ക്കുമെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നു.