കാണാതായ ഡോക്‌ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു

Last Updated: ചൊവ്വ, 28 ഏപ്രില്‍ 2015 (17:50 IST)
നേപ്പാളിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് കാണാതായ ഡോക്ടറുമാരായ ദീപക് തോമസും ഇര്‍ഷാദും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇരുവരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ്.

നേരത്തെ ഇരുവരുടേയും ബന്ധുക്കള്‍
നേപ്പാളിലേക്ക് പോയിരുന്നു. നേരത്തെ ഇവരോടൊപ്പമുണ്ടായിരുന്ന ഡോ അബിന്‍ സൂരിയെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് സൈന്യം രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. അബിനെ പ്രവേശിപ്പിച്ചിരുന്ന കാഠ്മണ്ഡുവിലെ ആശുപത്രിയില്‍ ഇര്‍ഷാദ്, ദീപക് എന്നിവരുടെ പേരുകള്‍ കണ്ടതിനാല്‍ ഇവര്‍ ചികിത്സയിലുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ ഇരുവരെയും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.

അബിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ദീപക് തോമസ്.ബന്ധുക്കളെ ആരെയും അറിയിക്കാതെയായിരുന്നു കൂട്ടുകാര്‍ക്കൊപ്പമുള്ള ഇര്‍ഷാദിന്റെ നേപ്പാള്‍ യാത്ര. നേപ്പാളിലെത്തിയശേഷം പ്രതിശ്രുതവധുവിനെ മാത്രമാണ് ഇര്‍ഷാദ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. ഭൂചലനത്തെത്തുടര്‍ന്ന് ഇര്‍ഷാദിനെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പ്രതിശ്രുതവധു അറിയച്ചപ്പോഴാണ് ബന്ധുക്കള്‍ ഇര്‍ഷാദ് നേപ്പാളിലാണെന്ന വിവരം അറിയുന്നത്. വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന എ.എന്‍.ഷംസുദ്ദീന്റെയും എം.എ.ആസിയയുടെയും മകനാണ് ഇരുപത്തിയാറുകാരനായ ഇര്‍ഷാദ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :