ന്യൂയോർക്ക്|
VISHNU N L|
Last Modified വെള്ളി, 24 ഏപ്രില്‍ 2015 (14:23 IST)
അമേരിക്കയില്‍ പി എച് ഡി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ തലയില്‍ ഭ്രൂണവളര്‍ച്ച. മുടിയും, പല്ലും, അസ്ഥികളും വളര്‍ച്ച പ്രാപിച്ച ഭ്രൂണമാണ് വിദ്യാര്‍ഥിനിയുടെ മസ്തിസ്കത്തിനുള്ളില്‍ വളരുന്നതായി കണ്ടെത്തിയത്. ഇന്ത്യാന സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ യാമിനി കരനം എന്ന 26കാരിയിലാണ് മസ്‌തിഷ്‌ക്കത്തില്‍ ഭ്രൂണം വളരുന്ന അപൂര്‍വ രോഗാവസ്‌ഥ കണ്ടെത്തിയത്.
കടുത്ത തലവേദനയും, ശാരീരിക അവശതയും ഉണ്ടായതിനെ തുടര്‍ന്നാണ് യുവതി വൈദ്യ സഹായം തേടിയത്.
പരിശോധനയില്‍ മസ്തിഷ്കത്തില്‍ ഒരു ട്യൂമര്‍ വളരുന്നത് ശ്രദ്ധയില്‍ പെട്ടു. വിശദമായ പരിശോധനയിലാണ് ഇത് ട്യൂമറല്ല, പകരം ഭ്രൂണമാണെന്ന് ഡോക്ടര്‍മാര്‍ ഞെട്ടലോടെ മനസിലാക്കിയത്. 'എംബ്രിയോണിക് ട്വിന്‍' എന്നറിയപ്പെടുന്ന ഇത്തരം വളര്‍ച്ചകള്‍ സാധാരണയായി അണ്ഡാശയത്തിലാണ് കണ്ടുവരുന്നത്. 'ബ്രെയ്‌ന്‍ ടെറാടോമ' എന്ന ശാസ്‌ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മസ്‌തിഷ്‌ക്കത്തിലുണ്ടാകുന്ന ഭ്രൂണവളര്‍ച്ച അത്യപൂര്‍വമാണെന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത്.
ഏതായാലും അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഭ്രൂണത്തിനെ ഡോക്ടര്‍മാര്‍ എടുത്തുകളഞ്ഞു.
കഴിഞ്ഞ 26 വര്‍ഷമായി യാമിനിക്ക് ഈ ഭ്രൂണം മൂലം അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. 'ഈവിള്‍ ട്വിന്‍ സിസ്‌റ്റര്‍' എന്നാണ് മസ്‌തിഷക്കത്തിലെ വളര്‍ച്ചയെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം യാമിനി വിശേഷിപ്പിച്ചത്. അത്യപൂര്‍വ്വമായി സംഭവിക്കുന്ന പ്രതിഭാസമാണ് യാമിനിക്കുണ്ടായത്.
കണ്ണുകളും കയ്യും വിരലുകളും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ രൂപപ്പെട്ട ഭ്രൂണങ്ങളും മസ്‌തിഷ്‌ക്കത്തില്‍ വളരുന്നതായി കണ്ടെത്തിയ അപൂര്‍വ സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. യാമിനി ചികിത്സ തേടിയ ലോസാഞ്ചല്‍സിലെ സ്‌കള്‍ബേസ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഏഴായിരത്തിലധികം ബ്രെയ്‌ന്‍ ട്യൂമറുകള്‍ ശസ്‌ത്രക്രിയ ചെയ്‌തിട്ടുള്ള ഡോക്‌ടറുടെ അനുഭവത്തില്‍ തന്നെ മസ്‌തിഷ്‌കത്തിലെ ഭ്രൂണ വളര്‍ച്ചയുമായി രണ്ട് രോഗികള്‍ മാത്രമാണ് ചികിത്സ തേടിയിട്ടുള്ളത്.