രേണുക വേണു|
Last Modified ശനി, 9 ഡിസംബര്‍ 2023 (08:46 IST)
യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഡോക്ടര്‍ ഇ.എ.റുവൈസിന്റെ പിതാവിനെയും പ്രതിയാക്കി. റുവൈസ് ഒന്നാം പ്രതിയും പിതാവ് കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടില്‍ അബ്ദുല്‍ റഷീദ് രണ്ടാം പ്രതിയുമാണ്. പെണ്‍കുട്ടിയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതിനാണ് ഇയാളെ പ്രതിയാക്കിയത്.
റുവൈസിന്റെ പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതായി ഷഹനയുടെ മാതാവ് പൊലീസിനു മൊഴി നല്‍കിയിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ റുവൈസിന്റെയും കുടുംബാംഗങ്ങളുടെയും പങ്ക് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ഷഹന റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ അയാള്‍ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാല്‍ തങ്ങള്‍ക്ക് അതു നല്‍കാന്‍ കഴിയില്ലെന്നും താന്‍ മരിക്കുകയാണെന്നും ഷഹന വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. റുവൈസ് ഈ മെസേജ് കണ്ട ശേഷം ഷഹനയെ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഷഹന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ മരണം തടയാമായിരുന്നിട്ടും അതിനു ഡോക്ടര്‍ തുനിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.