കൊച്ചി|
jibin|
Last Modified ചൊവ്വ, 21 നവംബര്‍ 2017 (16:32 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
പ്രോസിക്യൂഷൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കും. താരം കേസ് അട്ടിമറിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പ്രോസിക്യൂഷൻ ഹർജി നൽകുന്നത്.
ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രോസിക്യൂഷൻ ഇത്തരമൊരു നീക്കം ശക്തമാക്കുന്നത്. കോടതി പരാമര്‍ശം വന്നതോടെ സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്നാഥ് ബെഹ്റ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി.
കേസിലെ പ്രതികളുമായി ദിലീപ് ബന്ധം സ്ഥാപിക്കുന്നുവെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ്
പ്രോസിക്യൂഷൻ വാദം. ഇക്കാര്യം വെക്തമാക്കുന്ന തെളിവുകള്‍ പൊലീസ് ശേഖരിക്കുകയും ചെയ്‌തു.
ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ സ്ഥാപനത്തിലെ ജീവനക്കാരന്‍ മൊഴി മാറ്റി പറഞ്ഞതും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനൊപ്പം ജയിലിൽ കഴിഞ്ഞ ചാർളി തോമസ് രഹസ്യമൊഴി നല്‍കാമെന്ന് പറഞ്ഞശേഷം തീരുമാനത്തില്‍ നിന്നും പിന്മാറിയതും ദിലീപിന്റെ ഇടപെടലുകള്‍ മൂലമാണെന്നാണ് പ്രോസിക്യൂഷൻ വാദം.
തന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ എന്ന റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായിൽ പോകാൻ പാസ്പോർട്ട് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താരത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി ദിലീപിന് വിദേശത്തുപോകാൻ ഇന്ന് അനുമതി നല്‍കുകയും ചെയ്‌തു.
ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യത്തിലിറങ്ങിയ താരം സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം പ്രോസിക്യൂഷൻ ഉയര്‍ത്തിയതോടെ തുടർന്നാണ് കോടതി ഇക്കാര്യത്തിൽ വേണമെങ്കിൽ പ്രോസിക്യൂഷന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയത്.