എസ് അനുജശ്രീ|
Last Modified തിങ്കള്‍, 20 നവംബര്‍ 2017 (16:41 IST)
ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ കേരളക്കരയില്‍ ചര്‍ച്ചാവിഷയം. അമല്‍ നീരദ് പോലും ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. സിനിമയുടെ അറിയിപ്പ് എഫ് ബി പേജില്‍ വന്നതിനെ തുടര്‍ന്ന് പ്രതികരണങ്ങളുടെ പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍.
എന്നാല്‍ മലയാളത്തിന്‍റെ യഥാര്‍ത്ഥ ബിഗ്ബി മോഹന്‍ലാല്‍ ആണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത നല്‍കുന്ന സൂചന. അതായത്, ഹിന്ദിയിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന ഒരു സിനിമയെക്കുറിച്ചാണ്. ഹിന്ദിയില്‍ സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍ നായകനാകുമ്പോള്‍ ആ സിനിമയുടെ മലയളം പതിപ്പില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. അമിതാഭ് ബച്ചന് തുല്യനായി മലയാളത്തില്‍ ആ ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ കാണുന്നത് മോഹന്‍ലാലിനെയാണെന്ന് സാരം.
പ്രൊജക്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മോഹന്‍ലാലിനും അമിതാഭ് ബച്ചനും തിരക്കഥ വളരെ ഇഷ്ടമായെന്നും പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പച്ചക്കൊടി കാട്ടിയെന്നുമാണ് ലഭിക്കുന്ന വിവരം.
കഹാനി എന്ന വമ്പന്‍ ഹിറ്റിന്‍റെ നിര്‍മ്മാതാവാണ് ‘ഗുംനാം’ എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ട് നിര്‍മ്മിക്കുന്നത്. മൌറീഷ്യസിലായിരിക്കും കൂടുതലും ചിത്രീകരണം.