അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ഏപ്രില്‍ 2025 (12:20 IST)
അധ്യാപകര്‍ക്കെതിരായ പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിമത്രം കേസെടുത്താല്‍ മതിയെന്ന് സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ്. പ്രാഥമികാനേഷണം നടക്കുന്ന കാലയളവില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യരുത്. സ്‌കൂളുകളില്‍ നടക്കുന്ന സംഭവങ്ങളെ പറ്റി വിദ്യാര്‍ഥികളോ രക്ഷിതാക്കളോ നല്‍കുന്ന പരാതികളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നാണ് പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതീയ നിര്‍ദേശം. 3 മുതല്‍ 7 വര്‍ഷം ശിക്ഷലഭിക്കാവുന്ന കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി ലഭിച്ചാല്‍ ഡിവൈഎസ്പിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്താം.
ഇക്കാര്യത്തില്‍ അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വേണം തുടര്‍നടപടികള്‍ എടുക്കാന്‍. പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് കണ്ടാല്‍ തുടര്‍നടപടികളിലേക്ക് നീങ്ങാം. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കണം.