സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 17 മെയ് 2023 (14:21 IST)
സംസ്ഥാനത്ത് ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണയായി പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദ്ദിയും എന്നിവയാണ് ആരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.
പനി കുറയുമ്പോള്‍ തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നിവയുണ്ടാകുന്നുവെങ്കില്‍ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയില്‍ എത്തിക്കണം. പ്രായാധിക്യമുള്ളവര്‍, ഒരു വയസിനു താഴെയുള്ള കുട്ടികള്‍, പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ ഡെങ്കിപ്പനിയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.
എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കേണ്ടതാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകു വലക്കുള്ളില്‍ ആയിരിക്കണം. ഡെങ്കിപ്പനി ബാധിതര്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാന്‍ സഹായിക്കും.