വൈകും തോറും ചിലവ് കൂടും: സിൽവർ ലൈൻ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (17:54 IST)
പദ്ധതി ചർച്ചയിലൂടെ പ്രതിപക്ഷം തുറന്നുകാട്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തിര പ്രമേയ ചർച്ച ഇത്രയും ഗുണം ചെയ്യുമെന്ന് കരുതിയില്ലെന്നും പദ്ധതി ഇല്ലാതാക്കാമെന്നാണ് ചിലരുടെ മനോനിലയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ഈ പദ്ധതിയെ പറ്റി ഒരു ആശങ്കയുമില്ല. എത്രയും വേഗം പദ്ധതി പൂർത്തിയാക്കണമെന്ന വികാരമാണ് പൊതുവെയുള്ളത്. പദ്ധതി വൈകിക്കും തോറും പദ്ധതിയുടെ ചിലവ് കൂടും. ഒന്നും പറയാനില്ലാതെ പാപ്പരായ അവസ്ഥയിലാണ് പ്രതിപക്ഷം. സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസിന് അവരുടെ അണികളെ പോലും വിശ്വസിപ്പിക്കാൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും പോലീസ് ശാന്തമായാണ് സമരത്തെ നേരിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയാണ് സർക്കാർ കടമെടുക്കുന്നത്. ഇതിനുള്ള ഗാരണ്ടിയാണ് സർക്കാർ നൽകുന്നത്. തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :