തമിഴ്‌നാട്ടിൽ പുതിയ ചരിത്രം, ക്ഷേത്രപ്രവേശന നിരോധനം ലംഘിച്ച് 250 ഓളം ദളിതർ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 30 ജനുവരി 2023 (17:15 IST)
തമിഴ്‌നാട്ടിൽ പതിറ്റാണ്ടുകളായി ദളിതർക്ക് പ്രവേശനാനുമതി ഇല്ലാതിരുന്ന തിരുവണ്ണാമലൈ ജില്ലയിലെ തേന്മുടിയൂരിലെ ശ്രീ മുത്താലമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ച് 250 ഓളം വരുന്ന ദളിത് സംഘം. ഗ്രാമത്തിലെ 12 പ്രബല സമുദായങ്ങൾ ദളിതരുടെ ഈ ക്ഷേത്രപ്രവേശനത്തെ എതിർത്ത് രംഗത്ത് വന്നിരുന്നു. ദളിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 750 ഓളം പേർ പ്രതിഷേധവുമായി രംഗത്തെത്തി.

ക്ഷേത്രം നിർമിച്ച് 80 വർഷത്തിനിടെ ഇതാദ്യമായാണ് ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. പോലീസ് സാന്നിധ്യത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പൂക്കളും ഫലങ്ങളുമടക്കമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ആകെയുള്ള 1700 കുടുംബങ്ങളുള്ള ഗ്രാമത്തിൽ 500 ഓളം കുടുംബങ്ങൾ പട്ടികജാതി വിഭാഗക്കാരാണ്. 200 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ 80 വർഷത്തിലേറെയായി ദളിതർക്ക് പ്രവേശനമുണ്ടായിരുന്നില്ല.

പട്ടികജാതി വിഭാഗക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം നൽകാനായി ജില്ലാ കളക്റ്ററും പോലീസ് സൂപ്രണ്ട് മറ്റ് സമുദായങ്ങളുമായി സമാധാന ചർച്ചകൾ നടത്തിയിരുന്നു. നേരത്തെ പുതുക്കോട്ട ജില്ലയിലും സമാനമായി ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട വിഭാഗങ്ങൾക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രവേശനം അനുവദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :