പ്രതിദിന കോവിഡ് കേസുകള്‍ 200 കടന്നു ! സജീവ കേസുകള്‍ 3000 ആകുമെന്ന് മുന്നറിയിപ്പ്

ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു കാരണമായ ഒമിക്രോണ്‍ ഉപവകഭേദം ജെഎന്‍.1 ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി

രേണുക വേണു| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (10:53 IST)

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 292 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകള്‍ 2041 ആയി. ഇന്നലെ സംസ്ഥാനത്ത് 200 ല്‍ താഴെയായിരുന്നു പുതിയ കേസുകള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിനു കാരണമായ ഒമിക്രോണ്‍ ഉപവകഭേദം ജെഎന്‍.1 ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കു ശേഷമുള്ള പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്. അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി പൂര്‍ണ സജ്ജമാണ്. സംസ്ഥാനത്ത് കോവിഡ് പരിശോധനയുള്ള എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന നടത്തുന്നത് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ട എന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മുന്‍പത്തേതു പോലെ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസൊലേഷനില്‍ പോകുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :