എറണാകുളം|
jibin|
Last Modified തിങ്കള്‍, 9 ഏപ്രില്‍ 2018 (20:12 IST)
വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായി പറമ്പ് വീട്ടിൽ
ശ്രീജിത് രാമകൃഷ്ണൻ (26) ആണ് മരിച്ചത്.
ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം സംഭവിക്കുന്നത്. ഇന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം ശ്രീജിത്തിനെ സന്ദർശിക്കുകയും
സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം ചിട്ടിത്തറ വീട്ടിൽ
വാസുദേവൻ (54) ആണ് വീട് കയറി ആക്രമിച്ചതിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് മർദിച്ചതായി പരാതി ഉയർന്നിരുന്നു.
സ്റ്റേഷനില്‍ വെച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും ശ്രീജിത്തിനെ ആശുപത്രിയിൽ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പിന്നീട് ആശുപത്രിയിൽ ഗാസ്ട്രോഎൻട്രോളജി പ്രവേശിപ്പിച്ച ശ്രീജിത്തിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.
വാസുദേവന്റെ അനുജൻ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഇത് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്റെ മകൻ വിനീഷും കൂടി സുമേഷിന്റെ വീട്ടിലെത്തി. ഈ സമയത്ത് ഇവർ തമ്മിൽ അടിയുണ്ടാകുകയും സുമേഷിന്റെ കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് ഉച്ചയോടെ സുമേഷും സുഹൃത്തുക്കളും ചേർന്ന് വാസുദേവന്റെ വീട് അടിച്ചു തകർത്തു. എതിർക്കാൻ ശ്രമിച്ച വാസുദേവന്റെ ഭാര്യ സീതയേയും മക്കളെയും അക്രമികൾ മർദ്ദിച്ചു. ഇവര്‍ പോയശേഷം വിനീഷും സീതയും ചേർന്ന്വരാപ്പുഴ പൊലീസിൽ പരാതി നൽകാൻ പോയ സമയത്താണ് വാസുദേവൻ വീട്ടില്‍ തൂങ്ങിമരിച്ചത്. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.