കൊല്ലം|
jibin|
Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (20:23 IST)
കൊല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാക്കളെ അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ച് ദിവസം ലോക്കപ്പിലിട്ട് മർദിച്ചതായി ആരോപണം. അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവർക്കാണ് മർദനം ഏൽക്കേണ്ടിവന്നത്.
അഞ്ചാലും മൂട് പൊലീസ് ക്രൂരമര്‍ദനം നടത്തിയതെന്ന് മര്‍ദനത്തിന് വിധേയരായ യുവാക്കള്‍ പറയുന്നു. അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പൂര്‍ണ്ണ നഗ്നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിക്കുക. മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്ക് ഇടയില്‍ കയറ്റി വിരലുകള്‍ തകര്‍ത്തു. മസിലുകളില്‍ നിര്‍ത്താതെ ഇടിക്കുക. മുതുകത്ത് ചവിട്ടുക. ജനനേന്ദ്രിയത്തില്‍ ക്‌ളിപ്പിട്ടു പിടിക്കുകയും വലിക്കുകയും ചെയ്യുക. ഇങ്ങനെ ക്രൂരമായ ആക്രമണത്തിന് വിധേയരായെന്നാണ് യുവാക്കള്‍ പറയുന്നത്.
ഇരുവരും ജോലി ചെയ്യുന്ന സ്‌ഥലത്തുനിന്നും 1,85,000 രൂപ മോഷണം പോയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് രാജീവിനെയും ഷിബുവിനേയും കഴിഞ്ഞ 16നു രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്നു മുതൽ വ്യാഴാഴ്ച രാത്രിവരെ ഇവരെ ലോക്കപ്പിൽ പാർപ്പിച്ചു ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു.
ഓണത്തിന് ശേഷം നടുവിന് അസുഖമായതിനാല്‍ ജോലിക്ക് അവിടെ പോകാത്തത് ചോദിച്ചായിരുന്നു പൊലീസ് മര്‍ദനമെന്ന് രാജിവ് പറയുന്നു. രാജീവിന്റെ കൂട്ടാളിയാണ് എന്നാരോപിച്ചാണ് ഷിബുവിനെ കസ്റ്റഡിയിലെടുത്തത്. ഒടുവിൽ ഒടുവിൽ തെളിവു ലഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ഇരുവരെയും വിട്ടയക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ചിത്രത്തിന് കടപ്പാട് മനോരമ ഓണ്‍ലൈന്‍ ന്യൂസ്)