പബ്ലിക് പ്രോസിക്യൂട്ടര്‍ കൈക്കൂലിക്കേസില്‍ പിടിയിലായി

നെയ്യാറ്റിന്‍കര| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (16:55 IST)
പബ്ലിക് പ്രോസിക്യൂട്ടറെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു നെയ്യാറ്റിന്‍കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ എ.ഷാജുദീന്‍ വിജിലന്‍സിന്‍റെ പിടിയിലായത്.

ജുവലറി കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് തൊണ്ടി മുതലായ സ്വര്‍ണ്ണം കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ജുവലറി ഉടമയുടെ മക്കളോട് പബ്ലിക് പ്രോസിക്യൂട്ടര്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ഇവര്‍ നേരത്തേ തന്നെ അര ലക്ഷം രൂപ നല്‍കിയതായും സൂചനയുണ്ട്.

ഷാജുദ്ദീന്‍റെ ഓഫീസില്‍ വച്ച് ബാക്കി തുക കൈമാറുന്നതിനിടെയാണു വിജിലന്‍സ് എസ്.പി മുരുകേശന്‍. ഡി.വൈ.എസ്.പി അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടര്‍ന്ന് ഷാജുദ്ദീന്‍റെ പനച്ചമൂട്ടെ പാറവളവിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ രേഖകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പാറശാലയിലെ സുരേഷ് ജുവലറിയില്‍ എട്ടു വര്‍ഷം മുമ്പ് നടന്ന കവര്‍ച്ചയില്‍ 7.300 കിലോയുടെ സ്വര്‍ണ്ണം തൊണ്ടിമുതലായി പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ വിസ്താരവേളയില്‍ തൊണ്ടി ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ സ്വര്‍ണ്ണം കട ഉടമ കുമരേശന്‍ കോടതിയില്‍ നിന്ന് കൈപ്പറ്റിയിരുന്നു.
എന്നാല്‍ കുമരേശന്‍റെ മരണത്തോടെ കടയും തൊണ്ടിമുതലും മക്കളുടെ കൈവശമാവുകയും ചെയ്തു. കേസ് വിചാരണ അടുത്തിടെ ആരംഭിക്കേണ്ട സമയത്ത് തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങള്‍ ആരംഭിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :