അഭിറാം മനോഹർ|
Last Modified ബുധന്‍, 24 ജൂണ്‍ 2020 (11:56 IST)
ലോക്ക്ഡൗൺ കാലത്ത് പാർട്ടിംഗങ്ങൾക്കും അനുഭാവികൾക്കുമായി ഓൺലൈൻ പഠനക്ലാസ് സംഘടിപ്പിക്കാൻ സിപിഎം. ശനിയാഴ്‌ച്ചയാണ് ഓൺലൈൻ പഠനക്ലാസുകൾക്ക് തുടക്കമാവുക. മാര്‍ക്സിസത്തിന്റെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ആദ്യ ക്ലാസെടുത്ത് സംരംഭത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പാർട്ടി ക്ലാസുകൾ ശനിയാഴ്ചകളില്‍ രാത്രി 7.30 മുതല്‍ 8.30വരെയാണ് ഉണ്ടായിരിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊടിയേരിയുടെ പോസ്റ്റ് വായിക്കാം
സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിവാര പഠന പരിപാടി എന്ന പേരിൽ വിപുലമായ പഠനക്ലാസ് സംഘടിപ്പിക്കും പാർടി അംഗങ്ങൾക്കും അനുഭാവി ഗ്രൂപ്പിലെ അംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ് സിപിഐ എമ്മിനെക്കുറിച്ച് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവർക്കും ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാർടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്‌സ് ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ക്ലാസുകൾ ലഭിക്കും. ശനിയാഴ്‌ച രാത്രി 7.30ന് ‘മാർക്‌സിസത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ ക്ലാസെടുത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യും. ആദ്യഘട്ടത്തിലെ എട്ടു ക്ലാസ് തുടർന്നുള്ള ശനിയാഴ്‌ചകളിൽ നടക്കും.
ബ്രാഞ്ചുകളിൽ അംഗങ്ങൾ ഒരു കേന്ദ്രത്തിൽ സാമൂഹ്യ അകലം പാലിച്ചിരുന്ന് ക്ലാസുകൾ ശ്രദ്ധിക്കുന്നതാവും നല്ലത്. രാത്രി 7.30 മുതൽ 8.30 വരെയാണ് ക്ലാസ്. ഏതൊരാൾക്കും ക്ലാസ് കേട്ട് അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ബോക്‌സുവഴി അറിയിക്കാം.