കോവിഡ് വീണ്ടും തലപൊക്കുന്നോ? ഉപവകഭേദം ജെഎന്‍ 1 കേരളത്തില്‍; രോഗബാധിതരുടെ എണ്ണവും കൂടുന്നു

ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 938 ആയി ഉയര്‍ന്നു, കേരളത്തില്‍ നിന്നു മാത്രം 768 കേസുകള്‍ ഉണ്ട്

രേണുക വേണു| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2023 (16:55 IST)

കോവിഡ് ഉപവകഭേദമായ ജെഎന്‍ 1 (JN.1) കേരളത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീനോം നിരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ നിരീക്ഷണത്തിലാണ് ജെഎന്‍ 1 സാന്നിധ്യം കേരളത്തില്‍ കണ്ടെത്തിയത്. Indian SARS CoV 2 പുതിയ ഡാറ്റയില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിശിഷ്യ കേരളത്തിലും കോവിഡ് കേസുകള്‍ ഉയരാന്‍ ജെഎന്‍ 1 വകഭേദം കാരണമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയര്‍മാന്‍ ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു. ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 938 ആയി ഉയര്‍ന്നു, കേരളത്തില്‍ നിന്നു മാത്രം 768 കേസുകള്‍ ഉണ്ട്.

ഒമിക്രോണ്‍ ഉപവകഭേദമായ BA.2.86 ന്റെ പിന്‍ഗാമിയാണ് ജെഎന്‍ 1. രോഗ പ്രതിരോധശേഷിയും ഭേദിച്ച് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാന്‍ ഇവയ്ക്കു കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പിറോളയുടെ പിന്‍ഗാമിയായ ജെഎന്‍ 1 അമേരിക്ക, യുകെ, ഐലന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ രോഗനിരക്ക് ഉയര്‍ത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :