കൊവിഡ് 19: കേരളത്തിൽ 7 പുതിയ കേസുകൾ, 27 പേർക്ക് അസുഖം ഭേദമായി

അനിരാജ് എ കെ| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (19:00 IST)
കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർഗോഡ് 3, കണ്ണൂർ 2, മലപ്പുറം 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മലപ്പുറത്ത് നിന്നുള്ള രണ്ട് പേർ നിസാമുദ്ദീനിൽ നിന്നും വന്നവരാണ്. മറ്റ് അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

ഇന്ന് കേരളത്തിൽ 27 പേർക്ക് രോഗം ഭേദമായി. ഇതിൽ 17 പേരും കാസർഗോഡ് ജില്ലയിൽ ഉള്ളവരാണ്. കേരളത്തില്‍ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ്-19 ന്റെ 678 പുതിയ കേസുകളും 33 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൊത്തം കേസുകൾ 6,914 ആയി ഉയർന്നപ്പോൾ മരണസംഖ്യ 230 ആയി. 646 പേർ സുഖം പ്രാപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :