ന്യൂഡൽഹി|
jibin|
Last Modified വ്യാഴം, 8 ഡിസംബര്‍ 2016 (19:45 IST)
സംസ്ഥാനത്തെ ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു. ഗ്രൂപ്പിന് പ്രാധാന്യം നൽകാതെ, പുതുമുഖങ്ങൾക്കും യുവജനങ്ങൾക്കും മുൻഗണന നൽകിയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കിയല്ല ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചതെന്നാണു കേന്ദ്രനേതൃത്വത്തിന്റെ നിലപാടെങ്കിലും ഐ ഗ്രൂപ്പിനാണ് മേധാവിത്തം. നിലവിലെ ഒരു ഡിസിസി പ്രസിഡന്റിനെപോലും എഐസിസി പുറത്തുവിട്ട പട്ടികയിൽ നിലനിർത്തിയിട്ടില്ല. കൂടാതെ, കൊല്ലം ഡിസിസി പ്രസിഡന്റായി
ബിന്ദു കൃഷ്ണ സ്ഥാനംപിടിച്ചതോടെ വനിതാ പ്രതിനിധ്യവും ഉറപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞു.
ഇത്തവണ കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരിൽ വനിതാ പ്രാതിനിധ്യമുണ്ടാകുമെന്ന് ഹൈക്കമാൻഡ് നേരത്തേതന്നെ അറിയിച്ചിരുന്നു. രണ്ടു സ്ഥാനങ്ങൾ വേണമെന്നാണ് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.
എട്ട് ഡിസിസി പ്രസിഡന്റുമാരും ഐ ഗ്രൂപ്പിൽ നിന്നാണ്. തൃശൂരിലൂടെ സുധീരപക്ഷത്തിന് ഒരു അധ്യക്ഷ സ്ഥാനം ലഭിച്ചു. കോഴിക്കോട്, കാസർകോട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നീ ജില്ലകളാണ് എ ഗ്രൂപ്പിനു ലഭിച്ചത്.
ഡിസിസി അധ്യക്ഷൻമാർ
തിരുവനന്തപുരം – നെയ്യാറ്റിൻകര സനൽ, കൊല്ലം – ബിന്ദു കൃഷ്ണ, പത്തനംതിട്ട – ബാബു ജോർജ്, ആലപ്പുഴ– എം ലിജു, ഇടുക്കി – ഇബ്രാഹിം കുട്ടി കല്ലാർ, കോട്ടയം – ജോഷി ഫിലിപ്പ്, എറണാകുളം – പിജെ വിനോദ്, തൃശ്ശൂർ – ടിഎൻ പ്രതാപൻ, പാലക്കാട് – വികെ ശ്രീകണ്ഠൻ, മലപ്പുറം –വിവി പ്രകാശ്, കോഴിക്കോട് – ടി സിദ്ദിഖ്, കണ്ണൂർ – സതീശൻ പാച്ചേനി, വയനാട്– ഐസി ബാലകൃഷ്ണൻ, കാസർകോട് – ഹക്കിം കുന്നേൽ